പ്രോജക്ടുകൾ
കൈരളി യുകെ നടത്തുന്ന പ്രോജക്ടുകളുടെ വിവരണം
കൈരളി യുകെ നടത്തുന്ന പ്രോജക്ടുകളുടെ വിവരണം
കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക്, അവരുടെ കരിയറിലെ അടുത്ത ഘട്ടം NMC രജിസ്റ്റേർഡ് നഴ്സാകുക എന്നതാണ്. തിരക്കേറിയ ജീവിതവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം പലർക്കും ഇത് എളുപ്പമുള്ള കാര്യമല്ല. ഈ ആവശ്യം മനസ്സിലാക്കി കൈരളി സൗജന്യ പരിശീലനം തുടങ്ങിയപ്പോൾ പ്രൊഫഷണൽ OET പരിശീലകരും ഇംഗ്ലീഷ് ഭാഷാ അധ്യാപകരും ഇതിന്റെ നല്ല ഉദ്ദേശ്യം അറിഞ്ഞുകൊണ്ട് സ്വമേധയാ സേവനം വാഗ്ദാനം ചെയ്തു. തുടക്കത്തിൽ 180 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു, കുറച്ചുപേർക്ക് പരീക്ഷ പാസാകാൻ ഇത് സഹായകരമായി. രണ്ടാം ഘട്ടത്തിൽ, OET പരീക്ഷകൾ നടത്തുന്ന പ്രൊഫഷണൽ ബോഡി ഇപ്പോൾ ഈ വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസുകൾ നടത്തുന്നു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം യുകെയിലെ എംപിയും ഹോം ഓഫീസിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി സീമ മൽഹോത്ര നിർവഹിച്ചു. ചടങ്ങിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ അജിമോൾ പ്രദീപ്, മിനിജ ജോസഫ്, സാജൻ സത്യൻ, സിജി സലീംകുട്ടി, ബിജോയ് സെബാസ്റ്റ്യൻ, നവീൻ ഹരി എന്നിവർ സംസാരിച്ചു. നവീൻ ഹരി, അഞ്ജന സണ്ണി, മേഖ ജോസഫ്, മറിയം സി കിഴക്കേൽ, പ്രൊഫ. രാജൻ കെ, ജസ്റ്റിൻ ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
യുകെയിലെ വിവിധ പൊതുപരിപാടികളിൽ Stem Cell Donor Stalls സ്റ്റാളുകൾ ക്രമീകരിച്ചുകൊണ്ടു സന്നദ്ധപ്രവർത്തനത്തിലൂടെ 1000 സ്റ്റെം സെൽ ദാതാക്കളെ രജിസ്റ്റർ ചെയ്യുന്നതിനായി ദേശീയ ടീം നയിക്കുന്ന അതിമോഹ പദ്ധതിയാണ് ആയിരം കൈരളി. സ്റ്റെം സെൽ ഡോണർ കാമ്പെയ്ൻ നടത്താൻ കഴിയുന്ന പൊതു പരിപാടികൾ അവരുടെ പ്രദേശത്ത് കണ്ടെത്താൻ ദേശീയ ടീം കൈരളി യു യുടെ പ്രാദേശിക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യൻ വംശജരായ കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതേ ജനിതക ഘടനയുള്ള സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കൈരളി മറ്റ് ബ്ലഡ് കാൻസർ ചാരിറ്റികളായ ഉപഹാർ, DKMS, Anthony Nolan എന്നിവരുമായി ചേർന്ന് മൂല കോശ ദാതാക്കളുടെ സാമ്പിൾ നടത്തിവരുന്നു. വലിയ പരിപാടികളിൽ കൈരളി വളണ്ടിയർമാർ സ്റ്റാളുകൾ സ്ഥാപിക്കുകയും സ്റ്റെം സെൽ ദാനത്തിനായി രജിസ്റ്റർ ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. യുകെയിൽ ഉടനീളം സ്റ്റെം സെൽ ഡോണർ ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നതിൽ കൈരളി യുകെ നടത്തിയ പരിശ്രമങ്ങൾക്ക് വലിയ അംഗീകാരം നേടുക ഉണ്ടായി. ഇതിന്റെ ഭാഗമായി ബ്രിട്ടിഷ് പാർലമെന്റിൽ നടന്ന ചടങ്ങിൽ കൈരളി പ്രവർത്തകർ ആദരവ് ഏറ്റുവാങ്ങുകയുണ്ടായി.
വിദേശത്ത് പുതിയതായി ലഭിക്കുന്ന അറിവുകളും നൂതനമായ പ്രവർത്തന രീതികളും സ്വന്തം നാട്ടിലെ ആരോഗ്യമേഖലയുമായി പങ്കുവെക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് നഴ്സിംഗ് പ്രാക്ടീസ് ആൻഡ് നഴ്സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്റ്റ് പിറവിയെടുത്തു. യുകെ മലയാളികളായ കോട്ടയം സ്വദേശി മിനിജയുടെയും, കൈരളി യുകെ മുൻ ദേശീയ കമ്മറ്റി അംഗവുമായ ബിജോയ് ഒപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മേരി എബ്രഹാമും അയർലന്റ്കാരി മോന ഗഖിയൻ ഫിഷറും ഈ പ്രവർത്തനത്തിനായി കൈകോർത്തുകൊണ്ടാണ് കോട്ടയം മെഡിക്കൽ കോളേജിലെ ടീമിനൊപ്പം പ്രവർത്തിച്ച് മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ആരോഗ്യ മന്ത്രി വീണ ജോർജ്ജ്, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ജയകുമാർ, കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോക്ടർ വിനിത എന്നിവർക്ക് പ്രത്യേക നന്ദി. പ്രാരംഭ ഘട്ടത്തിൽ ഈ പദ്ധതി നേരിടുന്ന ചില വെല്ലുവിളികളിൽ പ്രധാനമായും ഈ പ്രോജക്റ്റിന് അംഗീകാരം ലഭിക്കുന്നതിന് അംഗീകൃത സർക്കാരിൽ നിന്നും മന്ത്രിതല വകുപ്പുകളിൽ നിന്നും അനുമതി നേടുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. കൈരളിക്ക് ഇതിൽ കാര്യമായ നേതൃത്വം നൽകാൻ കഴിഞ്ഞു എന്നുള്ളത് തികച്ചും അഭിമാനകരമായ നേട്ടമാണ്.
വിസ തട്ടിപ്പ് മുതൽ ജോലി സ്ഥലത്തെ ചൂഷണം, അനാവശ്യ പിരിച്ചുവിടൽ, കിട്ടുന്ന ജോലിയും കൂലിയും തമ്മിലുള്ള അന്തരം തുടങ്ങി യുകെയിൽ കെയർ മേഖലയിൽ എണ്ണമറ്റ പ്രശ്നങ്ങൾക്കാണ് പ്രവാസി സമൂഹം സാക്ഷ്യം വഹിച്ചത്. പലർക്കും സ്വപ്നങ്ങളും പ്രതീക്ഷയും നൽകിയ സീനിയർ കെയർ വിസ, പലരെയും ചതിക്കുഴിയിലേക്കും തീരാക്കടത്തിലേക്കുമാണ് തള്ളിവിട്ടത്. ഈ വിഷയത്തിൽ കൈരളിയുടെ ഇടപെടൽ ഏറെ പ്രശംസ പിടിച്ചുപറ്റി. തട്ടിപ്പിന് ഇരയായവരെ സംഘടിപ്പിച്ച് ഒരു വാട്സ്ആപ് കൂട്ടായ്മയിൽ നിന്ന് തുടങ്ങിയ പ്രവർത്തനം പിന്നീട് നിയമ സഹായം, യുകെയിലെയും നാട്ടിലെയും ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നതിലും, തട്ടിപ്പ് തടയുന്ന ബോധവത്കരണം, ട്രേഡ് യൂണിയൻ സേവനങ്ങളെ പറ്റിയുള്ള അവബോധം എന്നിവ നടന്നു വരുന്നു. യുകെ - കേരളം സർക്കാരുകളുടെ ശ്രദ്ധയിലേക്ക് പ്രശ്നങ്ങളുടെ ഗൗരവം എത്തിക്കുവാൻ കേരള മുഖ്യമന്ത്രി, യുകെയിലെ എം പി മാർ, നോർക്ക റൂട്ട്സ്, ലോക കേരള സഭ എന്നിവർക്ക് പെറ്റീഷൻ സമർപ്പിച്ചു. പലർക്കും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുവാൻ കൈരളിയുടെ ഇടപെടലിലൂടെ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു.
നമ്മുടെ കുട്ടികളിലും സമൂഹത്തിലും ശാസ്ത്ര സാങ്കേതിക വിദ്യകളോടുള്ള അഭിരുചിയും അവബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൈരളി യുകെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികളിൽ ഒന്നാണ് കുട്ടികൾക്കുള്ള കോഡിംഗ് പരിശീലനം. Kairali Code Champs എന്ന പേരിൽ നടത്തപ്പെടുന്ന പരിശീലന കളരികൾ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷനലുകളാണ് നേതൃത്ത്വം നൽകുന്നത്. വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രോജക്ട് ആണെങ്കിലും പല യൂണിറ്റുകൾക്കും ഇത് ഏറ്റെടുത്ത് നടത്തുവാൻ സാധിച്ചില്ല. ഇത് വരെ കേംബ്രിഡ്ജ് യൂണിറ്റും വെസ്റ്റ് ബെർക്ക്ഷെയർ യൂണിറ്റുകളും കോഡിംഗ് ചാംപ്സ് സെഷനുകൾ നടത്തി. വെസ്റ്റ് ബെർക്ക്ഷെയറിന്റെയും കേംബ്രിഡ്ജ് യൂണിറ്റിന്റെയും സഹായത്തോടെ കൈരളി വെയിൽസ് യൂണിറ്റ് ഒരു വേനൽക്കാല കോഡിംഗ് വർക്ക്ഷോപ്പ് ആസൂത്രണം ചെയ്യുന്നു.
യുകെയിൽ പുതിയതായി എത്തുന്നവർക്കും വിദ്യാർത്ഥികൾക്കും പതിവായി ഓൺലൈൻ സെഷനുകൾ നടത്താറുണ്ട്. പ്രധാന വിഷയങ്ങളായ യുകെയിലെ ഡ്രൈവിംഗ്, അടിസ്ഥാന സേവനങ്ങളെക്കുറിച്ചുള്ള ആമുഖം, സാമ്പത്തിക മാനേജ്മെന്റ്, കോഴ്സ്, യൂണിവേഴ്സിറ്റി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജോലി കണ്ടെത്തുന്നതിനും താമസ സൗകര്യം കണ്ടെത്തുന്നതിനും സഹായകരമായ വിവരങ്ങൾ എന്നിവയാണ്.
വയനാടിനു വേണ്ടിയുള്ള കൈരളിയുടെ ധനശേഖരണം കേരളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28 ലക്ഷം രൂപയ്ക്ക് മുകളിൽ സമാഹരിക്കുവാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമായി കരുതുന്നു. പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും, ഉദാരമായി സംഭാവന നൽകിയവർക്കും കൈരളിയുടെ നന്ദി രേഖപ്പെടുത്തുന്നു.
യുകെയിൽ ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സഹായം ഒരു ജോലി കണ്ടെത്താൻ സഹായിക്കുക എന്നതാണ്. വിദ്യാർത്ഥികളായി എത്തുന്നവരും, ആശ്രിത വിസയിൽ (dependent visa) വരുന്നവരുമെല്ലാം പുതിയ രാജ്യത്ത് എങ്ങനെ ജോലിക്ക് അപേക്ഷിക്കണം, ഒരു നല്ല ബയോഡാറ്റ അഥവാ സിവി (CV) എങ്ങനെ തയ്യാറാക്കണം, ജോലിക്കായുള്ള അഭിമുഖങ്ങളെ എങ്ങനെ വിജയകരമായി നേരിടണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടാറുണ്ട്. ഇത്തരത്തിലുള്ള സഹായം ആവശ്യമുള്ളവരെ ലക്ഷ്യമിട്ട് ഒരു തൊഴിൽ സഹായ കൂട്ടായ്മ (career support group) ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മ സ്ഥിരമായി തൊഴിൽ മാർഗ്ഗനിർദ്ദേശ ക്ലാസ്സുകൾ (career guidance sessions) നടത്തുകയും, ജോലി സംബന്ധമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും സജീവമാണ്. ഈ ഗ്രൂപ്പിൽ പുതിയ തൊഴിലവസരങ്ങൾ പതിവായി പങ്കുവെക്കാറുമുണ്ട്. NHS, IT മേഖലയിലെ ജോലികൾക്ക് വേണ്ടി പ്രത്യേക സെഷനുകളും നടത്തിവരുന്നു. ഈ സപ്പോർട്ട് ഗ്രൂപ്പ് തുടങ്ങുവാനും സജീവമായി മുന്നോട്ട് കൊണ്ട് പോകുന്നതിനും എഡിൻബറ യൂണിറ്റ് കമ്മറ്റി അംഗം പ്രവീൺ കുട്ടി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
യുകെയിലെ മലയാളി സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളിലൊന്ന്, ഇവിടുത്തെ ജീവിതശൈലിയുമായി വേണ്ടവിധം പൊരുത്തപ്പെടാനാകാത്തതാണ്. ഇത് പലപ്പോഴും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങളിലേക്ക് വഴുതിവീഴാനും അതുവഴി ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും ഗാർഹിക പീഡനങ്ങളിലേക്കും നയിക്കാനും സാധ്യതയുണ്ട് എന്നത് ഖേദകരമായ യാഥാർത്ഥ്യമാണ്. ഇത്തരം പ്രശ്നങ്ങളിൽ മിക്കപ്പോഴും സ്ത്രീകൾ ഇരകളാകുന്നത് ഒരു ദുഖകരമായ കാഴ്ചയാണ്. നമ്മുടെ സാംസ്കാരിക പശ്ചാത്തലം ഇതിൽ ഒരു പ്രധാന കാരണമാണ്. ഇങ്ങനെയുള്ള ദുരിതമനുഭവിക്കുന്നവർക്ക് കൈരളി പോലുള്ള സന്നദ്ധ സംഘടനകൾ നൽകുന്ന സഹായം വലിയൊരാശ്വാസമാണ്. യുകെയിലെ സോഷ്യൽ വർക്കേഴ്സ് ഫോറവുമായി സഹകരിച്ച് ഈ പ്രതിസന്ധിയിലാകുന്നവരെ സഹായിക്കാനുള്ള അവരുടെ നിസ്തുലമായ സേവനം പ്രശംസനീയമാണ്. കൂടാതെ, യുകെയിലെ നിയമങ്ങളെയും നിലവിലുള്ള പിന്തുണാ സംവിധാനങ്ങളെയും കുറിച്ച് സ്ഥിരമായ ബോധവൽക്കരണ ക്ലാസുകളും ഓൺലൈൻ മീറ്റിംഗുകളും സംഘടിപ്പിക്കുന്നത് ഈ സമൂഹത്തിന് വളരെ പ്രയോജനകരമാകും.
കൈരളി യുകെയുമായി ബന്ധപ്പെട്ട എല്ലാ സ്ത്രീകളെയും ഉൾപ്പെടുത്തി 2024 ഏപ്രിൽ 16 ന് കൈരളി യുകെ വുമൻസ് കളക്ടീവ് ആരംഭിച്ചത്. കൂട്ടായ്മ ഇപ്പോൾ വളർന്നു നിലവിൽ 40-ലധികം സജീവ അംഗങ്ങളുണ്ട്. പ്രവർത്തനങ്ങളുടെ കാര്യത്തിൽ, കൈരളി യുകെയുടെ ഗോ ഫണ്ട്മി കാമ്പെയ്ൻ വഴി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൂട്ടായ്മ മൊത്തം 50 പൗണ്ട് സ്വരൂപിച്ചു.. തുടക്കം മുതൽ കളക്ടീവ് 4 ഓൺലൈൻ മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ ഗ്രൂപ്പിലെ എല്ലാ സ്ത്രീകൾക്കുമായി ഒരു വാരാന്ത്യ യാത്ര സംഘടിപ്പിക്കുന്നു. കൈരളി യുകെ നാഷണൽ കോൺഫറൻസിനായി പ്രൊമോഷണൽ വീഡിയോകൾ നിർമ്മിക്കുന്നതിലും കൂട്ടായ്മ വളരെ സജീവവുമായിരുന്നു.
നമ്മുടെ പ്രവാസ സമൂഹത്തിൽ കുട്ടികളിലും മുതിർന്നവരിലും ശാസ്ത്ര അവബോധം വളർത്തുന്നതിനും, പുതിയ ശാസ്ത്രീയ ചിന്തകളെ പങ്കുവെയ്ക്കുന്നതിനുമുള്ള വേദിയാണ് സയൻസ് സൊസൈറ്റി. കുട്ടികളുടെ കോഡിങ് പരിശീലനം കഴിഞ്ഞ കാലയളവിലെ പ്രധാന പ്രവർത്തനമായിരുന്നു.