KAIRALI UK KANVAS 2026
20 June 2026, Sudbury Primary School, Watford Rd, Wembley HA0 3EY
KAIRALI UK MEMBERSHIP CAMPAIGN 2026 - JOIN KAIRALI, BE THE CHANGE
20 June 2026, Sudbury Primary School, Watford Rd, Wembley HA0 3EY
ലണ്ടൻ: കൈരളി യു കെ സംഘടിപ്പിച്ച പ്രഥമ കാൻവാസ് ഫെസ്റ്റിവൽ (KANVAS 2026) വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി പര്യവസാനിച്ചു. 2026 ജൂൺ 20 ശനിയാഴ്ച ലണ്ടനിലെ വെംബ്ലിയിലുള്ള സഡ്ബറി പ്രൈമറി സ്കൂളിൽ വെച്ചാണ് മേള നടന്നത്. യുകെയിലെ മലയാളി സമൂഹത്തിന് ആശയങ്ങളും സംവാദങ്ങളും സംസ്കാരവും ആഘോഷങ്ങളും പങ്കുവെക്കാനുള്ള ഉദാത്തമായ വേദിയായി കാൻവാസ് 2026 മാറി.
രാവിലെ വൈവിധ്യമാർന്ന ഔട്ട്ഡോർ സ്റ്റാളുകളുടെ ഉദ്ഘാടനത്തോടെയാണ് ഫെസ്റ്റിവലിന് തുടക്കമായത്. തുടർന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കൈരളി യു കെ-യുടെ പ്രത്യേക ന്യൂസ്ലെറ്റർ പ്രകാശനം ചെയ്തു. കലയും സാഹിത്യവും സമകാലിക സാമൂഹിക വിഷയങ്ങളും ആഴത്തിൽ ചർച്ച ചെയ്ത പാനൽ ചർച്ചകളായിരുന്നു മേളയുടെ പ്രധാന ആകർഷണം.
സദസ്സിന്റെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ നിരവധി ചർച്ചകൾ വേദിയിൽ നടന്നു:
വാർത്തകളിലെ പക്ഷവും പ്രതിപക്ഷവും (മാധ്യമ ചർച്ച): ഡോ. അരുൺ കുമാർ, സുനിത ദേവദാസ്, സജി മാർക്കോസ് എന്നിവർ മാധ്യമരംഗത്തെ സമകാലിക പ്രവണതകൾ വിലയിരുത്തി.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സ്റ്റോറീസ്: കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിമാരായ ശാരദാ മുരളീധരൻ ഐ.എ.എസ്., ഡോ. വേണു വാസുദേവൻ ഐ.എ.എസ്. എന്നിവർ ഭരണപരിചയങ്ങൾ പങ്കുവെച്ചു.
ഹൽവയും മീൻചാറും (സിനിമാ ചർച്ച): ദിനേശ് പ്രഭാകർ, ഡോ. ഗീത ജയരാമൻ, അനൂപ് രവീന്ദ്രൻ, വൈശാഖ് റീത്ത എന്നിവർ പങ്കെടുത്തു.
റീലും റിയലും - ലൈക്കും ലൈഫും: പ്രമുഖ സോഷ്യൽ മീഡിയ താരങ്ങളായ അനൂപ്, മൃദുല എന്നിവർ സോഷ്യൽ മീഡിയ ലോകത്തെ അനുഭവങ്ങൾ ചർച്ച ചെയ്തു.
കാൻവാസ് നഗരിയിൽ സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളും സ്റ്റാളുകളും ഒരുക്കിയിരുന്നു:
'നമ്മുടെ യു കെ' റേഡിയോ: തത്സമയ സംപ്രേക്ഷണ കേന്ദവും ഗെയിംസ് കാർണിവലും.
രുചിക്കൂട്ടുകൾ: ഗൃഹാത്തുരത്വം ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും കൊച്ചില്ലി കാറ്ററിംഗ് സ്റ്റാളുകളും.
മറ്റ് സ്റ്റാളുകൾ: നാടൻ പച്ചക്കറി തൈകളുടെ വിപണി, ASH & SUU കമ്പനിയുടെ ഡിസൈനർ വസ്ത്രങ്ങൾ, വായനമുറി ബുക്ക് സ്റ്റാൾ, SFI UK, D.K.M.S സ്റ്റാളുകൾ.
പ്രത്യേക ആകർഷണങ്ങൾ: സഡ്ബറി ഹാളിലേക്കുള്ള പ്രവേശന കവാടത്തിൽ സുധീഷ് സുകുമാരൻ അണിയിച്ചൊരുക്കിയ കൂറ്റൻ കാൻവാസ് ലോഗോ സ്റ്റാൻഡും, പങ്കെടുത്തവർ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച കാൻവാസ് കമന്റ് വാളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
യുകെയിൽ ജനിച്ച് എട്ടാം വയസ്സു മുതൽ കഥകളി അഭ്യസിക്കുന്ന ഗൗരി മേനോൻ അവതരിപ്പിച്ച കഥകളി പദം കേരളീയ സാംസ്കാരിക പൈതൃകത്തിന്റെ വിളംബരമായി. തുടർന്ന് 'സാരംഗി' മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതനിശയും, ഓക്സ്ഫോർഡ് ഡാൻസ് സ്കൂൾ, ഡാൻസ് കമ്പനി എന്നിവരുടെ നൃത്തപരിപാടികളും ഫെസ്റ്റിവലിന് മാറ്റുകൂട്ടി.
PRIME SPONSOR